SSLC RESULT 2023 - നൂറുമേനി വിജയവുമായി ബോയ്സ്

Tuesday, June 14, 2022

ഗവണ്‍മെന്റ് ബോയ്സ് ഹയ‍ർ സെക്കന്ററി സ്ക്കൂൾ മഞ്ചേരി

 

 മലപ്പുറം ജില്ലയുടെ ഹൃദയമെന്നു വിശേഷിപ്പിക്കപ്പെടുന്ന പട്ടണമാണ് മഞ്ചേരി. ഭൂമി ശാസ്ത്രപരമായും സാമൂഹ്യമായും സാംസ്‌കാരികമായും വൈവിധ്യം പുലര്‍ത്തുന്ന ഏറനാട് താലൂക്കിന്റെ ആസ്ഥാനമായ നഗരസഭാ പ്രദേശം. ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ മഞ്ചേരിയുടെ പഴയ കാല ഭരണാധികാരി ഏറാള്‍പ്പാടായിരുന്നു. മഞ്ചേരി രാമയ്യര്‍, കെ.മാധവന്‍ നായര്‍ എന്നീ മഹാത്മാക്കളുടെ ജന്മം കൊണ്ട് വിശേഷപ്പെട്ട സ്ഥലം.കുന്നും മലയും വയലും തോടും പുഴയും എല്ലാം ഇണക്കത്തോടെ പരിലസിക്കുന്ന കേന്ദ്രം. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട മഞ്ചേരി കോവിലകം സ്ഥിതി ചെയ്യുന്നത് ഇവിടെത്തന്നെ..
സായിപ്പിന്റെ കല്ലറ
 
         പൊതുവെ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്നു അന്നത്തെ മലപ്പുറം ജില്ല. ജില്ലയിലെ ആദ്യ വിദ്യാലയം പിറവിയെടുത്തതും മഞ്ചേരിയിലാണ്. ഇന്നത്തെ ഗവ.ബോയ്‌സ് ഹയര്‍ സെക്കൻ്ററി സ്‌കൂള്‍ അന്ന് മിഡില്‍ സ്‌ക്കൂളായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് മെഡിക്കല്‍ കോളേജ്, എന്‍.എസ്.എസ് കോളേജ്, മറ്റു ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, ഹയര്‍ സെക്കൻ്ററി ഉള്‍പ്പടെയുള്ള ധാരാളം വിദ്യാലയങ്ങള്‍, കോച്ചിങ്ങ് സെന്ററുകള്‍, കോടതി, റവന്യു ഉള്‍പ്പടെയുള്ള ബഹുവിധ സര്‍ക്കാര്‍ ഓഫീസുകള്‍, ആകാശവാണി എഫ്.എം കേന്ദ്രം, കച്ചവട സമുച്ചയങ്ങള്‍, ഫ്‌ളാറ്റുകള്‍, സിനിമാശാലകള്‍ എന്നിങ്ങനെ ഏറെ തിരക്കേറിയ ഒരു പട്ടണമായി മഞ്ചേരി മാറിക്കഴിഞ്ഞു.

പഴയ കെട്ടിടത്തിന്റെ ആകാശ കാഴ്ച

 ഒരു നൂറ്റാണ്ടിനു മുമ്പ് ഏറനാടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയും ബ്രിട്ടീഷ് ഭരണത്തിന്റെ തിക്തഫലങ്ങളും സമൂഹത്തില്‍ നിറഞ്ഞു നിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതോടൊപ്പം ദാരിദ്ര്യവും എല്ലാം ഗ്രാമീണ ജനതയുടെ ഉയര്‍ച്ചയ്ക്ക് വലിയ വിഘാതം സൃഷ്ടിച്ചു. ആയിടയ്ക്ക് നിലവില്‍ വന്ന മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴിലായിരുന്നു ബോയ്‌സ് സ്‌കൂള്‍. മലബാര്‍ ജില്ല കോണ്‍ഗ്രസ് സമ്മേളനവും ഹിദായത്തുല്‍ മുസ്ലീമിന്‍ സഭയും ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് 1880 ല്‍ ഈ മിഡില്‍ സ്‌ക്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.പിന്നീട് 1908 ല്‍ ഇത് ഹൈസ്‌കൂളായും 1998 ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു

                                                                        പുതിയകെട്ടിടം
     സാധാരണക്കാരന്റെയും അധ:സ്ഥിതന്റെയും ജീവിതത്തില്‍ അക്ഷരകൈത്തിരി കത്തിച്ചു വച്ച് പ്രസ്തുത സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ നേര്‍സാക്ഷ്യമായ തുക്കിടിക്കച്ചേരിക്കു സമീപം എല്ലായ്‌പ്പോഴും പട്ടാള നിരീക്ഷണത്തിലായിരുന്നു അക്കാലത്ത് ഈ വിദ്യാലയം. മഞ്ചേരിയിലെ അനേകം ഉന്നതോദ്യോഗസ്ഥരെയും സാങ്കേതിക വിദഗ്ദ്ധരെയും കലാ, കായിക, ശാസ്ത്ര, സാഹിത്യ പ്രതിഭകളെയും ജനപ്രതിനിധികളടക്കമുള്ള പൗരപ്രമുഖരെയും വാര്‍ത്തെടുത്ത അതിന്റെ പാരമ്പര്യം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. വിദ്യാലയ മുറ്റത്ത് ശാന്തി കൊള്ളുന്ന എൻഷൻ വൈസ് സായ്പിന്റെ കല്ലറയും സമീപം താങ്ങും തണലുമായി നില്‍ക്കുന്ന ബദാം മരവും ഇവിടത്തേയ്ക്കു സ്വന്തം. വളരെ പഴക്കം ചെന്ന നൂറു കണക്കിനു ഗ്രന്ഥങ്ങള്‍ സ്‌ക്കൂള്‍ ലൈബ്രറിയെ സമ്പന്നമാക്കുന്നു. കൈലാസം എന്ന പേരിലറിയപ്പെടുന്ന അഷ്ടമുഖക്കെട്ടിടം ഇന്നും തലയുയർത്തി നിൽക്കുന്നു.

                                                                             കൈലാസം
നൂറ്റിപ്പത്തു കടന്ന ഈ വിദ്യാകേന്ദ്രത്തിന് അഭിമാനിക്കാനേറെയുണ്ട്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ്മയില്‍ ജനപ്രതിനിധികളും ,നഗരസഭയും എസ്.എസ്.എ, ആര്‍.എം.എസ്.എ, എന്നീ ഉപവകുപ്പുകളും ഒരുമിച്ചു കൈ കോര്‍ത്തപ്പോള്‍ കേരളത്തിലെ തന്നെ മികച്ച സ്‌ക്കൂളുകളിലൊന്നായി മാറാൻ സാധിച്ചു.
       ഓരോ വര്‍ഷത്തെയും മികച്ച എസ്.എസ്.എല്‍.സി, പ്ലസ്ടു റിസള്‍ട്ടുകള്‍, ജില്ലാ, സംസ്ഥാന, അന്തര്‍ദേശീയ ശാസ്ത്ര കലാകായിക മത്സരങ്ങളിലെ മികവ്, പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അനായാസകരമായ നിര്‍വ്വഹണം എന്‍.സി.സി, എസ്.പി.സി, ജെ.ആര്‍.സി,അടൽ ടിങ്കറിംഗ് ലാബ് (ATL), ലിറ്റില്‍ കൈറ്റ്‌സ്, സ്റ്റുഡന്റ് ഡോക്ടര്‍, ഒ.ആര്‍.സി. എന്നിങ്ങനെയുള്ള ക്ലബ്ബുകളുടെ വിശാലമായ പ്രവര്‍ത്തന മേഖല, കാരുണ്യ പ്രവര്‍ത്തനങ്ങളുടെ വൈപുല്യം, വിവിധ വിഷയ കൗണ്‍സിലുകളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍, ദിനാഘോഷങ്ങളുടെ പൊലിമ, വിവിധ സാമൂഹ്യ പ്രശ്‌നങ്ങളെ അധികരിച്ച ബോധവത്ക്കരണ ക്ലാസുകളുടെ മികച്ച സംഘാടനം എന്നിങ്ങനെ വൈവിധ്യം നിറഞ്ഞതും വേറിട്ടു നില്‍ക്കുന്നതുമായ ഒരു സ്ഥാപനമായി ഉയര്‍ന്നത് ഇവിടുത്തെ തൃകോണക്കൂട്ടായ്മ ഒറ്റക്കുടുംബമെന്ന ധാരയില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണെന്നു പറയാതിരിക്കാന്‍ വയ്യ. ഇനിയും മഞ്ചേരിയുടെ പൊതു സമൂഹത്തിന് ഏറെ സംതൃപ്തിയോടെ സമീപിക്കാവുന്ന ഒരു സരസ്വതീ ക്ഷേത്രമായി മഞ്ചേരി ഗവ.ഹയര്‍ സെക്കൻ്ററി സ്‌കൂള്‍ നിലകൊള്ളും എന്ന വിശ്വാസത്തോടെ.